6022  2 min read

പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

രാജ്യത്ത് ഏറ്റവും ജനകീയമായ വായ്പകളില്‍ ഒന്നും, അടിയന്തിര ഘട്ടങ്ങളിൽ പണം നേടാനുള്ള എളുപ്പവഴിയുമാണ് വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോൺപേഴ്സണൽ ലോൺ അനുവദിച്ചു കിട്ടുന്നതിനായി അപേക്ഷകന്‍ ഈട് സമര്‍പ്പിക്കേണ്ടതില്ല. ലോണിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം, ക്രെഡിറ്റ് സ്കോർ, തിരിച്ചടവ് പ്രാപ്തി എന്നിവ പരിഗണിച്ചാണ് വായ്പാ തുകയും ഈടാക്കാവുന്ന പലിശ നിരക്കും തീരുമാനിക്കുന്നത്. വീടിന്റെ അറ്റകുറ്റപണികൾ, മെഡിക്കൽ, വിവാഹ-വിദ്യാഭ്യാസ ആവശ്യങ്ങൾ, കടം ഏകീകരിക്കൽ എന്നിവയുൾപ്പെടെ ഏത് അത്യാവശ്യ ചെലവുകൾക്കും ഉപയോഗിക്കാവുന്ന ഒരു മൾട്ടി പർപ്പസ് ലോണാണ് പേഴ്സണൽ ലോൺ.

 

ലോൺ എടുക്കുന്നതിന് മുൻപായി ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ക്രെഡിറ്റ് സ്കോർ, പലിശ നിരക്ക്, ലോൺ നിബന്ധനകൾ, തിരിച്ചടവ് ഷെഡ്യൂൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപായി മനസ്സിലാക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ വിലയിരുത്തുന്നതിലൂടെ, വായ്പ എടുക്കുന്നവർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്ന ലോൺ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാകും. മിക്ക പേഴ്സണൽ ലോണുകൾക്കും, കാലാവധിക്ക് മുൻപ് തിരിച്ചടക്കാനുള്ള ഓപ്ഷനുകളുണ്ട്. മേൽപറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

 

യോഗ്യതാ മാനദണ്ഡം

പേഴ്സണൽ ലോൺ ലഭിക്കുന്നതിന് ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. ഇതിൽ പ്രായം, വരുമാനം, ക്രെഡിറ്റ് സ്കോർ, തൊഴിൽ എന്നിവ ഉൾപ്പെടും. ലോണിന് യോഗ്യനാണെന്ന് ഉറപ്പാക്കാൻ, മാനദണ്ഡങ്ങളെക്കുറിച്ച് ബാങ്കിൽ ചോദിക്കുക. ലോൺ സ്വീകരിക്കുന്നതിന് മുൻപ് നിബന്ധനകൾ വ്യക്തമായി മനസ്സിലാക്കണം. വ്യക്തമല്ലാത്ത ഏതെങ്കിലും നിബന്ധനകളോ വ്യവസ്ഥകളോ ഉണ്ടെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥരോട് ചോദിച്ചു മനസ്സിലാക്കുക.

 

പലിശ നിരക്ക്

വ്യക്തിഗത വായ്പ എടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ പലിശ നിരക്കും മനസ്സിലാക്കണം. കുറഞ്ഞ പലിശനിരക്ക് നിങ്ങൾക്ക് ഗുണകരമാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, തൊഴിൽ, വായ്പ നൽകുന്നയാളുടെ നയങ്ങൾ എന്നിവയാണ് നിങ്ങളുടെ പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. അമിത പലിശ ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെയോ വ്യക്തികളുമായോ താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും നല്ലത് സുരക്ഷിതവും സുതാര്യവുമായ ബാങ്കുകളെ ആശ്രയിക്കുന്നതാണ്.

 
കാലാവധി

പേഴ്സണൽ ലോണുകളുടെ കാലാവധി സാധാരണയായി  60 മാസം വരെയാണ്. നിങ്ങളുടെ പ്രതിമാസ ബജറ്റിൽ വലിയ സ്വാധീനം സൃഷ്ടിക്കാത്ത കാലയളവ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ദൈർഘ്യമേറിയ കാലാവധിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇഎംഐ കുറവായിരിക്കും. കുറഞ്ഞ കാലാവധി മൊത്തം പലിശ കുറയ്ക്കും, എന്നാൽ ഉയർന്ന പ്രതിമാസ ഇഎംഐയിലേക്ക് നയിക്കുകയും ചെയ്യും.

 

ക്രെഡിറ്റ് സ്കോർ

ലോൺ എടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. ലോണിന്റെ യോഗ്യത, പലിശ നിരക്ക് എന്നിവ നിർണയിക്കാൻ ബാങ്കുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉപയോഗിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിച്ചേക്കാം. 750ന് മുകളിൽ ഉള്ള സ്കോർ സാധാരണയായി നല്ല ക്രെഡിറ്റ് സ്കോർ ആയി കണക്കാക്കപ്പെടുന്നു. ഇത് ലോൺ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

 
ചാർജുകൾ

ബാങ്കുകളുടെ ഫീസും ചാർജുകളും മനസ്സിലാക്കണം. പ്രോസസ്സിംഗ് ഫീ, പ്രീ ക്ലോഷർ ഫീ, പ്രീ പേയ്‌മെന്റ് ഫീ തുടങ്ങി വിവിധ ഫീസുകളാണ് ബാങ്കുകൾ ഈടാക്കുന്നത്. ബാങ്കുകൾക്ക് എന്തെങ്കിലും മറഞ്ഞിരിക്കുന്ന ചാർജുകളോ ലേറ്റ് പേയ്‌മെന്റ് ഫീകളോ വാർഷിക ഫീസോ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കുക. ഈ നിരക്കുകൾ നിങ്ങളുടെ മൊത്തം ലോൺ ചെലവിനെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കണം.

 

വായ്പയുടെ ഉദ്ദേശ്യം

പേഴ്സണൽ ലോൺ ആസൂത്രിത ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രയോജനപ്പെടുത്താം. പെട്ടെന്ന് ഉണ്ടാകുന്ന ആവശ്യങ്ങൾക്ക്‌ മാത്രമല്ല അവധിക്കാലം ചിലവഴിക്കാനോ വിലകൂടിയ ഗൃഹോപകരണങ്ങൾ വാങ്ങാനോ വിവാഹ ആവശ്യങ്ങൾക്കോ നിലവിലുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനോ പുതിയ ബിസിനസ് മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യാനോ നിലവിലുള്ള ബിസിനസ് വിപുലീകരിക്കാനോ തുടങ്ങി എന്ത് ആവശ്യത്തിനും ഈ ലോൺ തുക ഉപയോഗിക്കാം. ഭവനവായ്പ, സ്വർണ്ണവായ്പ, വാഹന വായ്പ എന്നിവയിൽ നിന്ന് വ്യത്യസ്തമായി പേഴ്സണൽ ലോണുകൾ കൂടുതൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ള തുക മാത്രം ലോൺ എടുക്കുകയും തടസമില്ലാതെ തിരിച്ചടയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ തിരിച്ചടവ് ശേഷി എല്ലായ്പ്പോഴും പരിഗണിക്കുകയും, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് ലോൺ വിവേകപൂർവ്വം ഉപയോഗിക്കുകയും ചെയ്യുക.

 

അടുത്ത കാലത്ത് വ്യാജ ഓൺലൈൻ ആപ്പുകളിൽ നിന്നു വായ്പ എടുത്ത് അപകടത്തിലായ ആളുകളുടെ ഒരുപാട് വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. ഓൺലൈനിൽ പേഴ്സണൽ ലോൺ അനായാസം ലഭ്യമാകുമ്പോൾ ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടും. ഇത് മിക്കപ്പോഴും സാമ്പത്തികവും മാനസികവുമായ നഷ്ടങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് വിശ്വാസ യോഗ്യമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം ലോൺ എടുക്കാൻ ശ്രമിക്കുക.

 

RBI യുടെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ ഉൾപ്പെടുന്നതും, വർഷങ്ങളുടെ സേവന പാരമ്പര്യവും ഉള്ള സൗത്ത് ഇന്ത്യൻ ബാങ്ക് പോലുള്ള വിശ്വസ്തമായ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് മാത്രം ലോൺ എടുക്കാൻ ശ്രദ്ധിക്കുക. ഇതുവഴി ലോണിന്റെ സുതാര്യത നിങ്ങൾക്ക് ഉറപ്പ് വരുത്താം.

 
 
 

Disclaimer: The article is for information purpose only. The views expressed in this article are personal and do not necessarily constitute the views of The South Indian Bank Ltd. or its employees. The South Indian Bank Ltd and/or the author shall not be responsible for any direct/indirect loss or liability incurred by the reader for taking any financial/non-financial decisions based on the contents and information’s in the blog article. Please consult your financial advisor or the respective field expert before making any decisions.